പന്തളം: തിരുവാഭരണ ഘോഷയാത്രക്ക് നേതൃത്വം നല്‍കാനുള്ള രാജപ്രതിനിധിയായി പന്തളം രാജകുടുംബാംഗം പുണര്‍തംനാള്‍ നാരായണവർമയെ പന്തളം കൊട്ടാരം വലിയതമ്പുരാൻ തിരുവോണംനാൾ രാമവർമ നിയോഗിച്ചു.
പന്തളം ശ്രാമ്പിക്കൽ കൊട്ടാരത്തിൽ പരേതയായ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും കോട്ടയം നട്ടാശേരി കാഞ്ഞിരക്കാട്ട് ഇല്ലത്ത് കെ. എൻ. നാരായണൻ നമ്പൂതിരിയുടെയും ദ്വിതീയ പുത്രനാണ് നാരായണവർമ.
കേരള സർക്കാർ സർവീസിൽ അഡ്വക്കേറ്റ് ജനറൽസ് ഓഫീസിൽ അണ്ടർ സെക്രട്ടറിയായി വിരമിച്ച ശേഷം പന്തളം കൊട്ടാരം നിർവാഹക സംഘം സെക്രട്ടറിയായി 2016 മുതൽ 2023 വരെ പ്രവർത്തിച്ചു. പന്തളം കൊട്ടാരത്തിലെ പാലസ് വെൽഫയർ സൊസൈറ്റിയുടെ സ്ഥാപക അംഗവും മുൻ ഖജാൻജിയും വലിയകോയിക്കൽ ശ്രീധർമശാസ്താ ക്ഷേത്ര ഉപദേശക സമിതിയിൽ കൊട്ടാരം പ്രതിനിധിയുമാണ്.
ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന അധ്യക്ഷനാണ്. നിലവിൽ ആലുവ തന്ത്രവിദ്യാപീഠം രക്ഷാധികാരിയായും പ്രവർത്തിച്ചു വരുന്നു.
ജനുവരി 12നാണ് തിരുവാഭരണ ഘോഷയാത്ര പന്തളത്തു നിന്ന് പുറപ്പെടുന്നത്. 14നാണ് മകരവിളക്ക്. തിരുവാഭരണഘോഷയാത്രയ്ക്കൊപ്പം പോകുന്ന രാജപ്രതിനിധി മകരവിളക്കിനുശേഷം ശബരിമല ക്ഷേത്രത്തിലെ ചടങ്ങുകൾ പൂർത്തിയാക്കിയശേഷം നട അടച്ച് ജനുവരി 20നു മാത്രമേ മടങ്ങുകയുള്ളൂ.